History

കണ്ടത്തിൽ കുടുംബയോഗം സ്ഥാപകൻ:
കണ്ടത്തിൽ വർഗീസ് മാപ്പിള
കുടുംബവേരുകൾ തേടി തലമുറകൾ പിന്നിലേക്കു യാത്രചെയ്യുന്നവർ ഒട്ടേറെയുണ്ട് ലോകമെങ്ങും. ചരിത്രം പുനഃസൃഷ്ടിക്കപ്പെടുന്നത് ചരിത്രത്തിൽനിന്നുതന്നെയാണല്ലോ.

അതുകൊണ്ടുതന്നെ, സ്വന്തം കുടുംബചരിത്രം കണ്ടെത്താൻ മുൻ തലമുറയിലേക്കും അവരുടെ ചരിത്രത്തിലേക്കും പടിപടിയായി സഞ്ചരിച്ചേ മതിയാകൂ. എഡി 52 ൽ, ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ അക്കാലത്തെ തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്നും അദ്ദേഹത്തിൽനിന്നു മാമോദീസ സ്വീകരിച്ചു വിശ്വാസികളായവരിലൂടെ കേരളത്തിലെ ആദ്യ ക്രൈസ്തവസമൂഹം അവിടെ സ്ഥാപിക്കപ്പെട്ടെന്നുമാണു വിശ്വാസം. അങ്ങനെ, കണ്ടത്തിൽ കുടുംബത്തിന്റെ ചരിത്രം കൊടുങ്ങല്ലൂരിൽ തുടങ്ങുന്നു.

കഠിനാധ്വാനികളായിരുന്നു അക്കാലത്തെ ക്രൈസ്തവ സമൂഹം; അക്കാരണം കൊണ്ടുതന്നെ സമ്പന്നരും. സമൃദ്ധിയിൽ കഴിഞ്ഞുവന്ന ക്രൈസ്തവരോടു പ്രദേശവാസികൾക്ക് അസൂയയുണ്ടായി. അവരിൽനിന്നു പല ദുരനുഭവങ്ങളും ആ കുടുംബങ്ങൾക്കു നേരിടേണ്ടിവന്നു.

അങ്ങനെ, ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവരിൽ പലരും കൊടുങ്ങല്ലൂരിൽനിന്നു മറ്റു പല ദേശങ്ങളിലേക്കു കുടിയേറി. കണ്ടത്തിൽ കുടുംബത്തിന്റെ മൂലകുടുംബമായ പരുത്തിമൂട്ടിലും മറ്റൊരു കുടുംബമായ കിള്ളിയേത്തും അങ്ങനെ കൊടുങ്ങല്ലൂർ വിട്ട സമ്പന്ന കുടുംബങ്ങളായിരുന്നു.

കൊടുങ്ങല്ലൂരിൽനിന്ന് കായംകുളത്തേക്ക്

പരുത്തിമൂട്ടിൽ, കിള്ളിലേത്ത് കുടുംബാംഗങ്ങൾ കൊടുങ്ങല്ലൂരിൽനിന്നു കായംകുളത്തേക്കാണെത്തിയത്. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു അന്ന് കായംകുളം. ഈ കുടുംബാംഗങ്ങൾ മുൻകൈയെടുത്ത് കായംകുളത്ത് പള്ളി നിർമിക്കാൻ തീരുമാനിച്ചു. നാട്ടുരാജാവായിരുന്ന Sankaravisreeയുടെ അനുമതിയോടെ മാർ സാപോർ, മാർ അഫ്രോദ് , എന്നീ കദീശൻമാർ പള്ളിനിർമാണത്തിനു മേൽനോട്ടം വഹിച്ചു. അങ്ങനെ ആ പള്ളിക്ക് ‘കദീശ പള്ളി’ എന്നു പേരുവീണു. ഈ പള്ളിയുടെ ഭാരവാഹിത്വം കൈകാര്യംചെയ്തിരുന്നത് പരുത്തിമൂട്ടിൽ, കിള്ളിലേത്ത് കുടുംബാംഗങ്ങളായിരുന്നുവെന്ന് പള്ളി രേഖകളിൽ പറയുന്നു.

കഠിനാധ്വാനത്തിലൂടെയും വ്യാപാരത്തിലെ നേട്ടങ്ങളിലൂടെയും രണ്ടു കുടുംബങ്ങളും കായംകുളം രാജാവിന്റെയും പ്രദേശവാസികളുടെയും പ്രീതി നേടിയെടുത്തു. കുരുമുളകു കച്ചവടത്തിന് ഇവർക്കു വേണ്ട സഹായങ്ങളെല്ലാം നൽകിയ രാജാവ് പള്ളി നിർമാണത്തിനാവശ്യമായ സ്ഥലവും അനുവദിച്ചു നൽകി. രണ്ടു കുടുംബങ്ങളും കായംകുളത്ത് കമ്പോളങ്ങൾ സ്ഥാപിച്ചിരുന്നു.

കല്ലൂപ്പാറയിൽ

കല്ലൂപ്പാറയിലെ സമ്പന്ന ഭൂവുടമയും കർഷകനുമായിരുന്നു വലിയവീട്ടിൽ പോത്ത. അദ്ദേഹത്തിന്റെ ഏകമകൾ ഏലിയാമ്മയെയാണു പരുത്തിമൂട്ടിൽ ഈപ്പൻ വിവാഹംകഴിച്ചത്. വിവാഹത്തിനു ശേഷം ഈപ്പൻ ഭാര്യാസമേതം കല്ലൂപ്പാറയിൽ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകൻ ഈപ്പനാണ് കല്ലൂപ്പാറയിൽ മൂത്തേടത്ത് കുടുംബം സ്ഥാപിച്ചത്. പ്രതിഭാധനനായ ഈപ്പനെ അന്നത്തെ ഇടപ്പള്ളി രാജാവ് ‘തരകൻ’ പദവി നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം ‘കൊച്ചീപ്പൻ തരകൻ’ എന്നപേരിൽ അറിയപ്പെട്ടു. 1798ൽ 37-ാം വയസ്സില്‍ കൊച്ചീപ്പൻ തരകൻ അന്തരിച്ചു.

വള്ളംകുളത്ത്

നാല് ആൺമക്കളായിരുന്നു കൊച്ചീപ്പൻ തരകന്. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകൻ മാത്തുള്ളയാണ് കണ്ടത്തിൽ കുടുംബത്തിന്റെ സ്ഥാപകൻ. വള്ളംകുളത്തെ ഒരു നെൽപാടം വാസയോഗ്യമാക്കി മാറ്റിയെടുത്താണു മാത്തുള്ള വീടു നിർമിച്ചത്. അങ്ങനെ ആ കുടുംബത്തിന് ‘കണ്ടത്തിൽ’ എന്ന പേരു കിട്ടി.

രണ്ടു നൂറ്റാണ്ടു പിന്നിട്ടിട്ടും വള്ളംകുളത്തെ കണ്ടത്തിൽ തറവാട് മാറ്റമൊന്നുമില്ലാതെ അവിടെയുണ്ട്.

മലയാളനാട്ടിൽ‍ കീർത്തികേട്ടതാണ് 200 വർഷത്തെ ചരിത്രമുള്ള കണ്ടത്തിൽ കുടുംബം. കുടുംബത്തിലെ ഏറ്റവും പ്രതിഭാധനനായിരുന്ന, കണ്ടത്തിൽ വർഗീസ് മാപ്പിള എന്നറിയപ്പെട്ട കെ.സി. വർഗീസ് മാപ്പിളയുടെ നേട്ടങ്ങൾ കുടുംബത്തിന്റെ സൽപ്പേര് നാടെങ്ങുമെത്തിച്ചു. കുടുംബ സ്ഥാപകൻ മാത്തുള്ള (1794 – 1855) യുെട കൊച്ചുമകനാണ് വർഗീസ് മാപ്പിള. മലയാള ഭാഷ, പത്രപ്രവർത്തനം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ കയ്യൊപ്പു പതിഞ്ഞു.

1888 ൽ കണ്ടത്തിൽ വർഗീസ് മാപ്പിള സ്ഥാപിച്ച ‘മലയാള മനോരമ ലിമിറ്റഡ്’ ആണു തിരുവിതാംകൂറിൽ ഒരു സ്വദേശി സ്ഥാപിച്ച ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനി. അദ്ദേഹത്തിന്റെ അനന്തരവൻ െക.സി. മാമ്മൻ മാപ്പിള ‘മലയാള മനോരമ’ പത്രത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. 1892 ൽ സ്ഥാപിച്ച ‘കണ്ടത്തിൽ കുടുംബയോഗം ലിമിറ്റഡ്’ (കണ്ടത്തിൽ ഫാമിലി കോൺഫറൻസ് ലിമിറ്റഡ്) സംസ്ഥാനത്തെ രണ്ടാമത്തെ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.


കോട്ടയത്ത് മലയാള മനോരമയുടെ ശതാബ്ദി
ആഘോഷം ഉദ്ഘാടനം.

കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സംഭാവനകൾ – സെമിനാർ വള്ളംകുളത്ത് ഉദ്ഘാടനം ചെയ്യുന്നു


കണ്ടത്തിൽ കുടുംബ സ്ഥാപകൻ
കണ്ടത്തിൽ മാത്തുള്ള (1794 – 1855)

കഠിനാധ്വാനിയും സത്യസന്ധനും ദൈവവിശ്വാസിയുമായിരുന്നു മാത്തുള്ള. സൂക്ഷ്മബുദ്ധിയും യുക്തിബോധവും അദ്ദേഹത്തിന്റെ മുഖമുദ്രയായി. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന കുലീനമായ വ്യക്തിത്വം അദ്ദേഹത്തിനു പ്രദേശവാസികളുടെയിടയിൽ ഒരു തഹസിൽദാർക്കു സമാനമായ പരിവേഷം ലഭിച്ചു. അദ്ദേഹത്തിന്റെ കയ്യക്ഷരവും അതിമനോഹരമായിരുന്നു.

മാത്തുള്ളയുടെ സദ്ഗുണങ്ങളിൽ ആകൃഷ്ടനായ കാഞ്ഞിരക്കാട്ട് (കൊടിയത്ത്) കുര്യച്ചൻ അദ്ദേഹത്തിന്റെ മകൾ മറിയാമ്മയെ മാത്തുള്ളയ്ക്കു വിവാഹം ചെയ്തു നൽകി. ‘ഓരോ പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ട്’ എന്ന ചൊല്ല് മാത്തുള്ളയുടെ കാര്യത്തിലും അന്വർഥമായി. സകലരുടെയും സ്നേഹവും ബഹുമാനവും നേടിയെടുത്ത മാത്തുള്ള-മറിയാമ്മ ദമ്പതികൾക്ക് ആറ് ആൺമക്കളും രണ്ടു പെൺമക്കളുമായിരുന്നു. ആറ് ആൺമക്കളിൽനിന്നായി കണ്ടത്തിൽ കുടുംബത്തിന് ആറു ശാഖകളുണ്ടായി.

പേൾ എസ്. ബക്കിന്റെ ‘ഗുഡ് എർത്ത്’ എന്ന നോവലിലെ കഠിനാധ്വാനിയായ കർഷകൻ വാങ് ലങ്ങിനെപ്പോലെ, മണ്ണ് പൊന്നാക്കിയ ആളായിരുന്നു ഈപ്പൻ മാത്തുള്ള. മണിമലയാറിന്റെ തീരത്തെ മണ്ണ് നെല്ലും തെങ്ങും കരിമ്പും കൊണ്ട് സമൃദ്ധമായി. സമ്പത്തും പ്രശസ്തിയും അദ്ദേഹത്തെ തേടിയെത്തി. വ്യാപാരത്തിലും വ്യവസായത്തിലും അദ്ദേഹം ശ്രദ്ധവച്ചു. ശർക്കര, പുകയില, അക്കാലത്തു മരുന്നിനായി ഉപയോഗിച്ചിരുന്ന കറപ്പ് തുടങ്ങിയവയുടെ വ്യാപാരത്തിൽ മാത്തുള്ള വിജയംകണ്ടു. സിലോണിൽനിന്ന് പുകയില ഇറക്കുമതിയും അദ്ദേഹം നടത്തിയിരുന്നു.

വ്യാപാരത്തിൽ മാത്തുള്ള അങ്ങേയറ്റം സത്യസന്ധതയും നീതിബോധവും സൂക്ഷിച്ചിരുന്നു. ആ സത്യസന്ധതയ്ക്ക് അദ്ദേഹത്തിന് അർഹിച്ച പ്രതിഫലവും കിട്ടി. ഇതേപ്പറ്റി ധാരാളം കഥകളുമുണ്ട്. അതിലൊന്നിങ്ങനെ: ഒരു കാലവർഷക്കാലത്ത്, ഒരു വള്ളം നിറയെ ശർക്കര മാത്തുള്ള കച്ചവടക്കാരനായ ഒരു ചെട്ടിയാർക്കു വിറ്റു. പക്ഷേ, നദിയിൽ വെള്ളം പൊങ്ങിയതോടെ വള്ളം മുങ്ങി. നിരാശനായ ചെട്ടിയാർ മാത്തുള്ള മാപ്പിളയെ സമീപിച്ചു. ചെട്ടിയാരുടെ സങ്കടങ്ങൾ ക്ഷമയോടെ കേട്ട മാത്തുള്ള, ശർക്കരയുടെ വിലയായി വാങ്ങിയ മുഴുവൻ പണവും അയാൾക്കു മടക്കി നൽകി. രണ്ടു ദിവസത്തിനു ശേഷം നദിയിൽ വെള്ളം കുറഞ്ഞു. മുങ്ങിപ്പോയ വള്ളം തീരത്തടിഞ്ഞു. വെള്ളം കടക്കാത്തവിധം സുരക്ഷിതമായി പൊതിഞ്ഞിരുന്നതിനാൽ ശർക്കരയ്ക്ക് ചെറിയ കേടുപോലും സംഭവിച്ചിരുന്നില്ല! തിരികെക്കിട്ടിയ ശർക്കര ആദ്യത്തേതിലും കൂടിയ തുകയ്ക്കു വിൽക്കാൻ മാത്തുള്ളയ്ക്കു സാധിച്ചു.

മറ്റൊരു കഥ: ഒരിക്കൽ വിദൂരനാട്ടുകാരനായ ഒരാൾ കണ്ടത്തിൽ കുടുംബത്തിൽനിന്ന് ഒരു പശുവിനെ വാങ്ങി. വീട്ടിലേക്കു മടങ്ങും വഴി പശുവിനെ എങ്ങനെയോ അയാൾക്കു നഷ്ടപ്പെട്ടു. ദരിദ്രനായ ആ മനുഷ്യൻ മാത്തുള്ള മാപ്പിളയുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ദീർഘകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട അയാളുടെ വിഷമം മനസ്സിലാക്കിയ മാത്തുള്ള കൂടുതലൊന്നും ആലോചിക്കാതെ അയാൾ കൊടുത്ത പണം മുഴുവൻ തിരിച്ചുനൽകി. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ പശു മൂന്നുമാസത്തിനു ശേഷം കണ്ടത്തിൽ തറവാട്ടിൽ തിരിച്ചെത്തി!

മേഖലയിലെ പ്രധാന പുകയില കച്ചവടക്കാരൻ കൂടിയായിരുന്നു മാത്തുള്ള. ഒരിക്കൽ അദ്ദേഹം പുകയില വാങ്ങാൻ പുറക്കാട് എന്ന സ്ഥലത്തു പോയി. സ്റ്റോക്ക് വിറ്റഴിക്കാൻ മറ്റു വ്യാപാരികളിൽ അമിത സമ്മർദം ചെലുത്തുന്നതാണ് അവിടെ അദ്ദേഹം കണ്ടത്. ബന്ധപ്പെട്ട ഓഫിസറെ സമീപിച്ച് മാത്തുള്ള പറഞ്ഞു: ‘സ്റ്റോക്ക് മുഴുവനായി ഞാൻ എടുത്തോളാം, അതിനുവേണ്ടി ഈ വ്യാപാരികളെ ഉപദ്രവിക്കരുത്’. ഒറ്റയടിക്ക് മുഴുവൻ പുകയില കച്ചവടം നടക്കുന്നതിൽ ഓഫിസർക്കു സന്തോഷമായി. മാത്തുള്ള മടങ്ങുന്നതിനു മുൻപ് വാർത്തയെത്തി: പുകയിലയുമായെത്തേണ്ട അടുത്ത കപ്പൽ കടൽക്ഷോഭത്തിൽപെട്ട് പുകയില മുഴുവൻ നഷ്ടപ്പെട്ടു. പുതിയ സ്റ്റോക്ക് ഉടനെ അയയ്ക്കാൻ കഴിയില്ല. മാത്തുള്ള വാങ്ങിയ സ്റ്റോക്ക് അങ്ങനെ വളരെ ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിച്ചു.

ദൈവം അതിരില്ലാത്ത സ്നേഹം മാത്തുള്ള അപ്പനും മറിയാമ്മ അമ്മച്ചിക്കും നൽകി. അവരതു സമൂഹത്തിലെ എല്ലാവരുമായും പങ്കുവച്ചു. നമ്മൾ കണ്ടത്തിൽ കുടുംബത്തിലെ അംഗങ്ങളോരോരുത്തരും ആ സ്നേഹത്തിന്റെ പാരമ്പര്യം ഇന്നും പങ്കുവയ്ക്കുന്നു.

കണ്ടത്തിൽ കുടുംബത്തിലേക്ക് വിവിധ കാലഘട്ടത്തിൽ വിവാഹിതരായി വന്ന സ്ത്രീകളും കുലമഹിമയുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്. അതുപോലെ, നമ്മുടെ കുടുംബത്തിൽനിന്നു വിവാഹിതരായിപ്പോയ പെൺകുട്ടികളും തങ്ങളുടെ കുലീനത്വംകൊണ്ട് ആ കുടുംബങ്ങളിലെ മകളായും ഭാര്യയായും അമ്മയായും സ്വീകരിക്കപ്പെടുന്നു. ഈ വിവാഹങ്ങൾ, കേരളത്തിലെ സിറിയൻ കത്തോലിക്കാ സമൂഹങ്ങളിലെ ഉന്നത കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

“Tough time never lasts but tough people do” – റോബർട് ഷൂലറുടെ ഒരു പുസ്തകമാണ്. മാമ്മൻ മാത്തുള്ള വിശ്വസിച്ചിരുന്നതും നമ്മൾ ഇന്നും വിശ്വസിക്കുന്നതും ഈ ആപ്തവാക്യത്തിലാണ്. ഈ യാഥാർഥ്യത്തിലൂന്നിയാണ് നമ്മുടെ കുടുംബം രണ്ടര നൂറ്റാണ്ടു പിന്നിട്ടും സൽകീർത്തിയോടെ നിലനിർക്കുന്നത്.

Award Winners
1. Sri.Kandathil Varghese Mapilla – Veerasringala from Sree Moolam Thirunal Maharaja – 1900
2. Sri.M.K.Mathulla – Padmashree – 1959
3. Sri.K.M. Cheriyan – Padmashree – 1965
4. Sri.K.M. Cheriyan – Padmabhushan – 1971
5. Sri.K.M. Mammen Mapillai – Padmashree – 1992
6. Sri.K.M.Mathew – Padmabhushan – 1998
7. Sri.K.M.Philip – Padmashree – 2001
8. Sri.Mammen Mathew – Padmashree – 2005
9. Sri.K.E.Mammen – Thamarapathra – 2010