കുടുംബവേരുകൾ തേടി തലമുറകൾ പിന്നിലേക്കു യാത്രചെയ്യുന്നവർ ഒട്ടേറെയുണ്ട് ലോകമെങ്ങും. ചരിത്രം പുനഃസൃഷ്ടിക്കപ്പെടുന്നത് ചരിത്രത്തിൽനിന്നുതന്നെയാണല്ലോ.
അതുകൊണ്ടുതന്നെ, സ്വന്തം കുടുംബചരിത്രം കണ്ടെത്താൻ മുൻ തലമുറയിലേക്കും അവരുടെ ചരിത്രത്തിലേക്കും പടിപടിയായി സഞ്ചരിച്ചേ മതിയാകൂ. എഡി 52 ൽ, ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ അക്കാലത്തെ തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്നും അദ്ദേഹത്തിൽനിന്നു മാമോദീസ സ്വീകരിച്ചു വിശ്വാസികളായവരിലൂടെ കേരളത്തിലെ ആദ്യ ക്രൈസ്തവസമൂഹം അവിടെ സ്ഥാപിക്കപ്പെട്ടെന്നുമാണു വിശ്വാസം. അങ്ങനെ, കണ്ടത്തിൽ കുടുംബത്തിന്റെ ചരിത്രം കൊടുങ്ങല്ലൂരിൽ തുടങ്ങുന്നു.
കഠിനാധ്വാനികളായിരുന്നു അക്കാലത്തെ ക്രൈസ്തവ സമൂഹം; അക്കാരണം കൊണ്ടുതന്നെ സമ്പന്നരും. സമൃദ്ധിയിൽ കഴിഞ്ഞുവന്ന ക്രൈസ്തവരോടു പ്രദേശവാസികൾക്ക് അസൂയയുണ്ടായി. അവരിൽനിന്നു പല ദുരനുഭവങ്ങളും ആ കുടുംബങ്ങൾക്കു നേരിടേണ്ടിവന്നു.
അങ്ങനെ, ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവരിൽ പലരും കൊടുങ്ങല്ലൂരിൽനിന്നു മറ്റു പല ദേശങ്ങളിലേക്കു കുടിയേറി. കണ്ടത്തിൽ കുടുംബത്തിന്റെ മൂലകുടുംബമായ പരുത്തിമൂട്ടിലും മറ്റൊരു കുടുംബമായ കിള്ളിയേത്തും അങ്ങനെ കൊടുങ്ങല്ലൂർ വിട്ട സമ്പന്ന കുടുംബങ്ങളായിരുന്നു.
കൊടുങ്ങല്ലൂരിൽനിന്ന് കായംകുളത്തേക്ക്
കണ്ടത്തിൽ കുടുംബ സ്ഥാപകൻ
കണ്ടത്തിൽ മാത്തുള്ള (1794 – 1855)